പത്തനംതിട്ട: ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ ലഹരി മരുന്ന് കച്ചവടം നടത്തിവന്ന വ്യാജ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പിടിയിൽ. ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ് എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രസിഡന്റ് എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനാണ് പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് പെരുമ്പെട്ടി പോലീസും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പ്രത്യേക റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്.
ഇയാളുടെ പക്കൽനിന്നും 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പുസ്തകങ്ങൾക്കിടയിൽ വളരെ സൂക്ഷ്മമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് കണ്ടെത്തിയത്. ലഹരി ഉപയോഗിക്കുന്നതിനായി ഇയാൾ സൂക്ഷിച്ചിരുന്ന പ്രത്യേക ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു.
നാട്ടിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നയാൾ എന്ന പേരിൽ പൊതുജനമധ്യത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ആളായിരുന്നു ഷർഫിൻ സെബാസ്റ്റ്യൻ. എന്നാൽ ഇതിന്റെ മറവിൽ ഇയാൾ വലിയ തോതിൽ ലഹരി വിൽപ്പന നടത്തിയിരുന്നതായാണ് വിവരം.